Society Today
Breaking News

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗുമായി ദീര്‍ഘകാല പങ്കാളിത്തം നിലനിര്‍ത്തുമെന്ന് ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി വോളിബാള്‍ (എഫ്‌ഐവിബി) ജനറല്‍ ഡയറക്ടര്‍ ഫാബിയോ അസെവേദോ. റുപേ പ്രൈം വോളിബോള്‍ ലീഗിലെ ആവേശകരമായ പുതിയ ഘടന ലോകമാകെ കാണുകയാണെന്നും, തുടര്‍ച്ചയായി രണ്ട് വര്‍ഷം ഇന്ത്യ വോളിബോള്‍ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പ്രതിഭകളുടെ പ്രകടനം അതിശയകരമാണ്. വരും വര്‍ഷങ്ങളില്‍ ലീഗ് കൂടുതല്‍ വളരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. പ്രൈം വോളിബോള്‍ ലീഗിനെ ലോകമാകെ വീക്ഷിക്കുന്നുണ്ട്. ഈ സംവിധാനത്തെ സഹായിക്കാന്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ നിക്ഷേപം നടത്താന്‍ ഞങ്ങള്‍ എഫ്‌ഐവിബി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണ്‍ വോളിബോള്‍ ലോകത്ത് തത്സമയം സംപ്രേക്ഷണം ചെയ്തതോടെ ഇന്ത്യന്‍ വോളിബോള്‍ താരങ്ങള്‍ക്ക് തങ്ങളുടെ കഴിവുകള്‍ ആദ്യമായി ലോകമെമ്പാടും പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് കിട്ടിയതെന്ന് വോളിബോള്‍ വേള്‍ഡ് സിഇഒ ഫിന്‍ ടെയ്‌ലര്‍ പറഞ്ഞു. വോളിബോള്‍ ലീഗിന് മികച്ച പ്രതികരണമാണ് ഞങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ കണ്ടത്. സൂപ്പര്‍ സെര്‍വുകളും സൂപ്പര്‍ പോയിന്റുകളും ഉള്‍പ്പെട്ട ആവേശകരമായ 15 പോയിന്റ് ഘടന ലോകമെമ്പാടുമുള്ള വോളിബോള്‍ കാഴ്ചക്കാരുടെ ഭാവനയെ പിടിച്ചെടുക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വോളിബോള്‍ ക്ലബ് ലോക ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ലോകമെമ്പാടുമുള്ള വോളിബോള്‍ ആരാധകര്‍ക്ക് മികച്ച വോളിബോള്‍ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൈം വോളിബോള്‍ ലീഗിനോടും കളിക്കാരോടുമുള്ള ആഗോള വോളിബോള്‍ ബോഡിയുടെ പ്രതികരണം കാണുന്നതില്‍ സന്തോഷമുണ്ടെന്ന് റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ കോപ്രൊമോട്ടറുമായ തുഹിന്‍ മിശ്ര പറഞ്ഞു ബ്രസീല്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുന്‍നിര ടീമുകളുമായി നമ്മുടെ ഇന്ത്യന്‍ കളിക്കാര്‍ മത്സരിക്കുന്നത് ആവേശകരമായ അനുഭവമായിരിക്കുമെന്ന് ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു.

Top